Thursday, April 4, 2013

=പെയ്തൊഴിയും മുമ്പേ=


തലേന്നത്തെ ചാറ്റല്‍ മഴ ടാറിടാത്ത പഞ്ചായത്ത് റോഡിനെ നന്നായി നനച്ചിട്ടുണ്ട്. ഒരുപാട് നാള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടിലെ ഈ പാതയോരത്ത് കൂടി ഇങ്ങനെ ജോഗിംഗ് ചെയ്യാന്‍ കഴിയുന്നത്. ഒരുകാലത്ത് ഇതിലൂടെ നടന്നു കാക്കാതോടും കടന്നായിരുന്നു സ്ക്കൂളില്‍ പോയിരുന്നത്. തോട് കടന്നു വരമ്പത്ത് കൂടെ നടക്കുമ്പോള്‍ ഹവായ് ചെരുപ്പില്‍ ചെളി നിറഞ്ഞു കാല്‍ വഴുതുന്നുണ്ടാവും. സ്ക്കൂളിലെത്തുംപോഴേക്കും ചന്ദന നിറത്തിലുള്ള യൂണിഫോം ഷര്‍ട്ടും കാപ്പി കളര്‍ പാന്റും ചെളി തെറിച്ച് ചിത്രം വരച്ച്ചിട്ടുണ്ടാവും. സത്യഭാമ ടീച്ചറുടെ ശകാരം ഇന്നും കാതില്‍ മുഴങ്ങുന്നു.
പാതയോരത്ത് ചെറിയ നീര്‍ച്ചാലുകളില്‍ പരലുകള്‍ തത്തി ക്കളിക്കുന്നു. തവളക്കുഞ്ഞന്മാര്‍ ഇക്കരെ അക്കരെ ചാടി തുടിക്കുന്നു. നീര്‍ച്ചാലുകള്‍ അവസാനിക്കുന്നത് പാതയുടെ വലത് വശത്ത് തുടങ്ങുന്ന വയലിലാണ്. വയലിന്റെ ഒരറ്റം മഞ്ഞു മൂടിയിരിക്കുന്നു. പെട്ടെന്നൊരു അലര്‍ച്ചയോടെ മഴപെയ്തു, പാതയോരത്ത് വയലിന് അഭിമുഖമായി നില്‍ക്കുന്ന പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലേക്ക് ഓടി കയറി. ഹോ എത്ര നാളായി ഇങ്ങനെ ഒന്ന് നനഞ്ഞ കുളിരാന്‍ കൊതിച്ച് നടക്കുന്നു. പഴയൊരു കവിതയുടെ രണ്ടു വരി മൂളി..
''മഴയെനിക്കിഷ്ടമാണെന്നും,
തുടം പെയ്തിറങ്ങവേ കുട ചൂടി നില്‍ക്കുമ: പുലരിയും ''
കുട്ടികളുടെ കലപില ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്. പാതി കെട്ടിയ ഭിത്തിയുടെ ചുവരുകളില്‍ നിന്നും കുമ്മായം അടര്‍ന്നു വീഴാന്‍ തുടങ്ങിയിരിക്കുന്നു. അവക്കപ്പുറം വെളുത്ത തൊപ്പിയിട്ട കുരുന്നുകള്‍ കലപില കൂട്ടുന്നു. തട്ടമിട്ട കുഞ്ഞോമനകള്‍ കരഞ്ഞും ചിരിച്ചും പാട്ട് പാടിയും ഖുര്‍ആന്‍ വായിച്ചും ഇരിക്കുന്നു. അതൊരു മദ്രസയായിരുന്നു. എത്ര നേരത്തെയാണീ കുരുന്നുകള്‍ ഇവിടെ എത്തിപ്പെടുന്നത്. കൌതുകമായ ആ കാഴ്ച്ച കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടികള്‍ നിശബ്ദരായി. വെള്ളതലപ്പാവ് ധരിച്ച് നെഞ്ച് വരെ താടി നീട്ടി വളര്‍ത്തിയ ഉസ്താദ് അവിടേക്ക് കടന്നു വന്നതായിരുന്നു കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതക്ക് കാരണം.
''അസ്സലാമു അലൈക്കും''
ഉടനെ തന്നെ ഒരു വലിയ ശബ്ദത്തോടെ കുട്ടികളെല്ലാം ഒരുമിച്ച് ഉസ്താദിനെ അഭിവാദനം ചെയ്തു.
ഉസ്താദ് താടിയില്‍ തടവിക്കൊണ്ട് കുട്ടികളോടായി പറഞ്ഞു.
''ആ എല്ലാരും താരീഖ് എടുത്ത്തോളീന്‍, ന്നിട്ട് മൂന്നാമ്മത്തെ ഏടിലെ ഭാഗം ഞാന്‍ വായിക്കുന്നത് പുസ്തകത്തില്‍ നോക്കി നോട്ടിലെക്ക് പകര്ത്തിക്കോ''
കുട്ടികള്‍ എല്ലാവരും നോട്ട് എഴുതിയെടുക്കാന്‍ തയ്യാറായി ഇരുന്നു.
''ഉസ്താദ് വായിച്ച് തുടങ്ങി
''രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ മന്ത്രിയോട് ആരാഞ്ഞു, 'അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്?
"അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ." മന്ത്രി മറുപടി പറഞ്ഞു.'
"കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ? എന്റെ കൂടെ വരിക!'
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട് അത് തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക് ധാന്യം തന്റെ തലയിലേക്കു വെച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട് പറഞ്ഞു.
ഉസ്താദ് അല്‍പ നേരം നിശബ്ദനായി നിന്നു, മൂന്നാമത്തെ ബെന്ജില് ഇരിക്കുന്ന കുട്ടിയിലാണ് ഇപ്പോള്‍ ഉസ്താദിന്റെ ശ്രദ്ധ. അവന്‍ എഴുതുകയും ഇടയ്ക്കിടെ ഉറങ്ങി വീഴാന്‍ പോവുകയും ചെയ്യുന്നുണ്ട്. വിശപ്പ് കൊണ്ടോ ഒരുപക്ഷെ നേരത്തെ എഴുന്നെറ്റ് വന്നത് കൊണ്ടോ അവന്റെ മുഖം വല്ലാതെ ക്ഷീണിതമാണ്.
''വീരാന്‍ കുട്ടി'' ഉസ്താദ് വിളിച്ചു. തൂങ്ങി വീഴാന്‍ പോവുകയല്ലാതെ അവന്‍ ആ വിളി കേട്ടില്ല.
''വീരാന്‍ കുട്ടി, ഡാ ശേയ്ത്താനെ.'' ഉസ്താദ് നീട്ടി വിളിച്ചു. അവന്‍ ഞെട്ടി എഴുന്നേറ്റ് നിന്നു.
''ഇജാ ബുക്കും എടുത്ത്തിട്ടിങ്ങട്ട് എറങ്ങി ബാ'' ഉസ്താദ് ശൌര്യത്തോടെ അവനോട്‌ പറഞ്ഞു.
വിറയ്ക്കുന്ന കൈകളുമായി പുസ്തകം എടുത്തുകൊണ്ട് ആ കുരുന്നു ഉസ്താദിന്റെ അടുത്തേക്ക് നടന്നു. ഭയം കൊണ്ടവന്റെ മുഖം ചുവന്നു തുടുത്തിരുന്നു.
''നോക്കട്ടെ അന്റെ എയ്ത്ത്...''ഉസ്താദ് പുസ്തകം വാങ്ങി വായിച്ചു.
''ഉമര്‍ തലയിലേക്ക് കയറാന്‍ മന്ത്രിയോട് പറഞ്ഞു...എന്താടാ ഈ എയ്തി വെച്ച്ചിരിക്കണത്? എബടെ അന്റെ താരീഖ് പുസ്തകം ''
അവന്‍ തല താഴ്ത്തി നിന്നു.
''ഇജ്ജിനി താരീഖ് പുസ്തകോം കൊണ്ടന്നു നോട്ടും മുയ്മിച്ച്ചിട്ട് കേറിയാ മതി ഇങ്ങട്ട്, ഹും പൊയ്ക്കോ..''
അവന്‍ ഇറങ്ങി നടക്കാന്‍ തുനിഞ്ഞു തിരിഞ്ഞു നിന്ന് എല്ലാവരോടുമായി പറഞ്ഞു.
''അസ്സലാമു അലൈക്കും''
അവന്‍ തനിക്കെതിരെയാണ് നടന്നു വരുന്നത്. വേഗം തൂണിന്റെ മറവിലേക്ക് നിന്ന് കൊണ്ട് അവനെ വീക്ഷിച്ചു. അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏയ്‌ ഇല്ല. കാറ്റില്‍ മഴത്തുള്ളികള്‍ ഊത്താലടിച്ച് അവന്റെ മുഖം നനഞ്ഞു..ഇനി അവന്‍ കരഞ്ഞാലും ആരും കാണില്ല. മദ്രസയുടെ പടവുകള്‍ കടന്നു ആ മഴയിലെക്കവന്‍ ഇറങ്ങി നടന്നു.
ഉസ്താദ് വീണ്ടും വായിച്ച് തുടങ്ങി.
''മന്ത്രി ഉമറിനോടു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍.... താങ്കളത് എന്റെ ചുമലിലേക്ക് പിടിച്ച് തരിക. ഞാനിവിടെ നില്ക്കുമ്പോള്‍ ഈ ഭാരം അങ്ങ് ചുമക്കുകയോ?"
കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു: "നാളെ വിചാരണ ദിവസം ദൈവത്തിന്റെ മുമ്പില്‍ എന്റെ എല്ലാ പാപ ഭാരങ്ങളും നീ ചുമക്കുമോ?''
മഴത്തുള്ളികള്‍ ചിതറി നനഞ്ഞ കവിളിലൂടെ ഇളം ചൂടുള്ള ഒരു വര ചുണ്ടോടടുക്കുന്നത് അറിഞ്ഞു. അതിനു ഉപ്പിന്റെ രുചിയായിരുന്നു. വീരാന്‍ കുട്ടിയുടെ പിറകെ ആ മഴയിലേക്കിറങ്ങി നടന്നു.